
ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളത്തിൽ, ദൈവനാമത്തിൽ സത്യവാചകം ചൊല്ലിക്കൊണ്ടാണ് അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു.
അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും ഒരേ ചടങ്ങിൽ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ ഒരു അധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 31 വർഷങ്ങൾക്ക് മുമ്പ് ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെ രാഷ്ട്രീയ കൊലപാതക ശ്രമത്തെ അതിജീവിച്ച വ്യക്തിത്വമാണ് അദ്ദേഹം. അക്രമണത്തിനിടയിൽ രണ്ട് കാലുകളും നഷ്ടമായെങ്കിലും , കൃത്രിമ കാലുകളുടെ സഹായത്തോടെ അദ്ദേഹം തന്റെ ജീവിതവും സാമൂഹ്യ പ്രവർത്തനങ്ങളും തുടരുകയായിരുന്നു.