കൂൺ കൃഷി : കൃഷി രീതി, കീടനിയന്ത്രണം

കൂൺ കൃഷി എങ്ങനെ ചെയ്യാം  : മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷി .ചുരുങ്ങിയ മുതൽമുടക്കിൽ കൂൺ കൃഷി ചെയ്യാവുന്നതാണ് .

ഇനങ്ങൾ: ചിപ്പിക്കൂൺ, പാൽക്കൂൺ, വൈക്കോൽ കൂൺ എന്നിവയാണ് കേരളത്തിൽ പ്രധാനമായും കൃഷി ചെയ്യുന്ന കൂൺ ഇനങ്ങൾ.

ചിപ്പിക്കൂൺ

കൂൺ തടമൊരുക്കൽ:

കൂൺ വളർത്താൻ ഉപയോഗിക്കുന്ന പ്രതലത്തെ കൂൺ ബെഡ് എന്നാണ് പറയുന്നത്. വൈക്കോലാണ് കൂൺ ബെഡിലെ പ്രധാന വസ്തു.
ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോൽ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വൈക്കോൽ 5-8 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ കുതിർക്കുന്നു. കുതിർത്ത വൈക്കോൽ ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് വെള്ളം വാർന്നുപോകുന്നതിനായി വയ്ക്കുക. വെള്ളം വാർന്ന വൈക്കോൽ 100° ചൂടിൽ ആവിയിൽ ഒരു മണിക്കൂർ പുഴുങ്ങിയെടുക്കുന്നു. അണുനശീകരണം ഉറപ്പാക്കുന്നതിനായാണ് ഇത്. ഇനി ഈർപ്പം കുറയ്ക്കുന്നതിനായി ഇളം വെയിലിൽ വാട്ടിയെടുക്കുക. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന വൈക്കോൽ ബെഡുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു.

കൃഷി രീതി:

നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂൺ കൃഷിക്ക് അനുയോജ്യം. സുതാര്യമായ പ്ലാസ്റ്റിക് കൂടാണെങ്കിൽ നമുക്ക് കൂടിനുള്ളിൽ കൂണിന്റെ വളർച്ച കാണാൻ സാധിക്കും.
തിളപ്പിച്ച് ഉണക്കി അണുരഹിതമാക്കി സൂക്ഷിച്ചിരിക്കുന്ന വൈക്കോൽ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വയ്ക്കുക. അതിനു മുകളിൽ വശങ്ങളിൽ മാത്രമായി കൂൺ വിത്ത് വിതറുക. ഇതിനു മുകളിൽ രണ്ടാമത്തെ ചുരുൾ വൈക്കോൽ വയ്ക്കുക. ഈ ചുരുളിന് വശങ്ങളിലും കൂൺ വിത്ത് വിതറാം. ഇപ്രകാരം നാലോ അഞ്ചോ തട്ടുകളായി വൈക്കോൽ ചുരുളും കൂൺ വിത്തും വിതറി വയ്ക്കുക. ഇത്തരത്തിൽ കവറിന്റെ മുകളറ്റം വരെ വൈക്കോൽ ചുരുളും കൂൺ വിത്തും ഇട്ടശേഷം കവറിന്റെ മുകൾഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിമുറുക്കുക.

കൂടിന്റെ എല്ലാ വശങ്ങളിലും സൂചി ഉപയോഗിച്ച് ചെറു സുഷിരങ്ങളിടുക. ഇങ്ങനെ വൈക്കോൽ തട്ടുകളായി നിറച്ചു, വശങ്ങളിൽ വിത്ത് പാകി, മുറുക്കി കെട്ടി സുഷിരങ്ങളുമിട്ട കെട്ടിനെയാണ് കൂൺ ബെഡ് അഥവാ കൂൺ തടം എന്ന് പറയുന്നത്.
ഇനി തയാറാക്കിയ കൂൺ ബെഡുകൾ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളിൽ തമ്മിൽ തൊടാത്ത അകലത്തിൽ വയ്ക്കുക. പത്തു ദിവസം കഴിയുമ്പോൾ കൂൺ തന്തുക്കൾ വളരുന്നത് കാണാനാവും. ഏകദേശം പന്ത്രണ്ടു ദിവസമാകുമ്പോൾ സുഷിരങ്ങളിലൂടെ കൂൺ പുറത്തേക്കു വളർന്നു തുടങ്ങും. ഈ പരുവമാകുമ്പോൾ പ്ലാസ്റ്റിക് കവർ താഴേക്ക് കീറി കൂൺ ബെഡ് പുറത്തെടുക്കാവുന്നതാണ്.

രാവിലെയും വൈകിട്ടും വെള്ളം തളിച്ച് കൊടുക്കണം. സ്‌പ്രേയർ ഉപയോഗിക്കുന്നതും ഉത്തമം. കൃത്യമായി വെള്ളം തളിച്ച് കൊടുത്താൽ 2-3 ദിവസത്തിനകം കൂൺ വിളവെടുക്കാൻ പാകമാകും. ഇങ്ങനെ മൂന്നു പ്രാവശ്യം വരെ ഒരേ ബെഡിൽ നിന്നും കൂൺ വിളവെടുക്കാനാവും.

കീടനിയന്ത്രണം:

കൂൺ കൃഷിയെ ബാധിക്കുന്ന കീടങ്ങൾ കൂടുതലും പച്ചിലകളിൽ കാണപ്പെടുന്നതിനാൽ കൂൺ ബെഡുകൾക്കരികിലായി പച്ചിലക്കാടുകൾ ഉണ്ടാവാതെ സൂക്ഷിക്കുക.
കീടബാധ ഒഴിവാക്കുന്നതിന് കൂൺപുര ഫോർമാലിൻ-പൊട്ടാസിയം പെർമാംഗനേറ്റ് ഉപയോഗിച്ച് പുകയ്ക്കുന്നത് (ഫ്യൂമിഗേറ്റ്) നല്ലതാണു. കഴിവതും കൂൺ ബെഡുകൾ ഒരുക്കുന്നതിന് തലേദിവസം മുറി ഫ്യൂമിഗേറ്റ് ചെയ്യുക.
കൂൺ വളർന്നതിന് ശേഷം കീടങ്ങളെ കാണുകയാണെങ്കിൽ വെളുത്തുള്ളി ചതച്ച മിശ്രിതം തളിക്കാം.

കടപ്പാട് :ഹരിത കേരളമിഷൻ

admin:
Related Post