ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനുശേഷം അമൽനീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നസ്രിയ നിർമാണ പങ്കാളിയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻതന്നെ വാഗമണ്ണിൽ ആരംഭിക്കും. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്സുംചേര്ന്നാണ് പേരിടാത്ത ചിത്രം നിർമിക്കുന്നത്. ഐശ്വര്യ രാജേഷാണ് നായിക.
നിലവിൽ അൻവർ റഷീദ് ചിത്രമായ ട്രാൻസിൽ ഫഹദ് അഭിനയിച്ചുവരികയാണ്. ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് അമൽ നീരദാണ്. ട്രാൻസിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ അമൽനീരദും ഫഹദും പുതിയ ചിത്രത്തിലേക്ക് നീങ്ങും.
അമൽ നീരദ് ചിത്രം പൂർത്തിയാക്കിയ ശേഷമാകും ഫഹദ് ട്രാൻസിന്റെ അവസാന ഷെഡ്യൂളിലേക്ക് കടക്കുക. ഇതിനിടെ തന്റെ അരങ്ങേറ്റ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രവും അമൽ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ ഡേറ്റും മറ്റു ചില കാര്യങ്ങളും ഒത്തുവന്നാൽ മാത്രമേ ബിലാൽ തുടങ്ങാനാകൂവെന്നാണ് സൂചന.
നേരത്തെ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും സ്വന്തമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു.