തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതാണ് ഇപ്പോൾ ചർച്ച വിഷയം. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കുമ്മനത്തിന് ശേഷം കേരളത്തിലെ ബിജെപി യെ ആര് നയിക്കും എന്ന് അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.
നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28ന് വിരമിക്കുന്നതുകൊണ്ട് കുമ്മനത്തിന് ഉടൻതന്നെ മിസോറാമിലേക്കു പോകേണ്ടിവരും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശക്തനായ ഒരു നേതാവിനെതന്നെ കേരളത്തിലെ സംഘടന തലപ്പത്ത് എത്തിക്കാനാണ് കേന്ദ്രം നോക്കുക.
അധ്യക്ഷ സ്ഥാനത്തിലേക്ക് നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് സാധ്യത കൂടുതല്‍ എന്നാണ് അറിവ്. എം.ടി രമേശ്, പി.കെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. കേന്ദ്രത്തിന്റെ തീരുമാനങ്ങൾ അപ്രതീക്ഷിതമായതിനാൽ അടുത്ത സംസ്ഥാന അധ്യക്ഷൻ ആരെന്നറിയാൻ അമിത് ഷാ യുടെ പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.