

കരൾ രോഗ ബാധിതയായി ചികിത്സായിൽ കഴിയവേ ഫെബ്രുവരി 22 നാണ് നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചത്. ചികിത്സാ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സഹോദരൻ എബി സുരേഷ്. എല്ലാവരോടും നന്ദി പറയാനാണ് ഞാൻ വീഡിയോയിൽ വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് എബി സുരേഷ് സംസാരിച്ചു തുടങ്ങിയത്. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർത്ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്.
ചേച്ചിയെ ചികിൽസിച്ച ഡോക്ടർമാരോടും അതുപോലെ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്സ്മാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഞങ്ങൾ കഷ്പ്പെട്ടപ്പോൾ അതിന്റെ പേപ്പർ വർക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സർക്കാർ അധികൃതർക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എൽഡോസ് കുന്നാമ്പള്ളി സാറിനും ടിനി ചേട്ടനും ധർമജൻ ചേട്ടനും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങൾ നന്ദി പറയുകയാണ്.
എന്റെ ചേച്ചി വളരെയധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റടെത്തു പറയുമായിരുന്നു ഞാൻ കുറച്ച് വീഡിയോകൾ എടുത്ത് വെച്ചിട്ടുണ്ട്, അത് വേഗം തന്നെ ഇടണമെന്ന്. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും ഞങ്ങൾ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരുന്ന വീഡിയോകൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യാൻ പോകുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. കൂടെ നിന്നതിനു നന്ദി, എബി സുരേഷ് പറയുന്നു.