
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സദാചാരപ്രശ്നം ആരോപിച്ച് നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. അവിഹിതമുണ്ടെന്ന് ആരോപിച്ച് നൽകിയ പരാതിയില്‍ വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാരിക്ക് അവിഹിതബന്ധമുണ്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം സംസാരിച്ചുവെന്നും ഉത്തരവില്‍ പറയുന്നു
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി അടുപ്പക്കൂടുതലുണ്ടെന്ന് കാണിച്ച് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.
അന്വേഷണത്തില്‍ കണ്ടക്ടര്‍ കൂടുതൽ സമയം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതും ശ്രദ്ധയിൽ പെട്ടുവെന്നും നടപടി ഉത്തരവില്‍ പറയുന്നു.
ksrtc conductor and driver issue