ലുലുമാൾ കാണമെന്ന് ആ​ഗ്രഹം പറഞ്ഞു; കണ്ടും തൊട്ടറിഞ്ഞും മാൾ ആസ്വദിച്ച് കുരുന്നുകൾ; ഭിന്നശേഷി കുട്ടികൾക്ക് കൊച്ചി ലുലുവിൽ ഒരുക്കിയത് വേറിട്ട സ്വീകരണം

കൊച്ചി: ലുലുമാൾ കാണണമെന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ആ​ഗ്രഹം നിറവേറ്റി കൊച്ചി ലുലുമാൾ അധികൃതർ. കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലുള്ള 25 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാ​ഗമായിട്ടാണ് ഇവർക്ക് മാൾ സന്ദർശിക്കാൻ അവസരമൊരുക്കിയത്.
മാൾ കാണമെന്ന ആ​ഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചതോടെ ഈ ആ​ഗ്രഹം നിറവേറ്റുകയായിരുന്നു. സമ​ഗ്ര ശിക്ഷ അഭയാന്റെ കീഴിൽ വരുന്ന കുന്നുമ്മൽ ബ്ളോക്ക് റിസോഴ്സ് സെന്ററിലെ മേലധികാരികൾ ലുലുമാൾ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് നടപടികൾ വേ​ഗത്തിലായത്. പിന്നാലെ മാൾ കാണാനും കുട്ടികളുടെ കളിസ്ഥലമായ ഫൺട്യൂറ അടക്കമുള്ള വിനോദ സ്ഥലങ്ങൾ ഇവർക്ക് ആസ്വദിക്കാനും അവസരമൊരുങ്ങി. വീൽ ചെയറിലെത്തിയ അഞ്ച് കുട്ടികൾ അടക്കം 25 ലധികം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ നയിക്കാൻ ഓരോ കുട്ടിക്കും രക്ഷിതാവിനൊപ്പം ട്രയിനർമാരും എത്തിയിരുന്നു. മെട്രോയിൽ ലുലുമാളിലേക്ക് എത്തിയ കുരുന്നുകളെ മാൾ അധികൃതർ സ്വീകരിച്ചു. പിന്നാലെ ഇവർ ലുലു ഫൺ ട്യൂറയിലെ ഒരോ റൈഡുകളിലും കയറി കളിസ്ഥലം ആസ്വദിച്ചു.

ലുലുവിലെ വിനോദ സ്ഥലത്ത് ഭക്ഷണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുരുന്നുകളെ സ്വീകരിക്കാൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷനും മാളിൽ പ്രത്യേകം തയ്യാറാക്കി. കുട്ടികൾ പറയുന്ന ​ഗാനങ്ങലെല്ലാം ഓടക്കുഴലിലൂടെ രാജേഷ് ചേർത്തല പാടി കേൾപ്പിച്ചു. സം​ഗീത സദസ് കുട്ടികൾക്ക് ആസ്വാദ്യമായിരുന്നു. ലുലു ഫുഡ് കോർട്ടും കളി സ്ഥലങ്ങളും, ഹൈപ്പർ മാർക്കറ്റും തുടങ്ങി ഓരോ കാഴ്ചകളും കൺ നിറയെ കണ്ടാണ് കുട്ടികൾ മടങ്ങിയത്. മാൾ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ലഭിച്ചത് വേറിട്ട അനുഭവമായിരുന്നെന്നും കുട്ടികളുടെ മറുപടി. വീട്ടിൽ മാത്രം ഒതുങ്ങി, മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികളാണ് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലെ പ്രോ​ഗ്രാമിലൂടെ മാളിലേക്ക് എത്തിയത്. കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് സംഭവിച്ചതെന്ന് അധ്യാപകർ പ്രതികരിച്ചത്. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, രാജേഷ് ചേർത്തല തുടങ്ങിയവർ കുട്ടികളുമായി സംസാരിച്ചു. ബി.ആർ.സി അം​ഗങ്ങളായ സൂരജ് പി., ട്രെയിനർമാരായ ഡിജു. കെ.പി, റഷീദ്, സനൂപ് സി.എൻ.അഭിരാ​ഗ് പി.പി, ആഷ്ലി ചാക്കോ, സുനിൽ കുമാർ എന്നിവർ ബി.ആർ.സിയെ പ്രതിനിധീകരിച്ച് എത്തി. കൊച്ചി ലുലുമാളിലെ ഫൺ ട്യൂറ വിഭാ​ഗം പരിപാടികൾക്ക് നേതൃത്വം നൽകി.

differently abled children are enjoying the lulu mall kochi

admin:
Related Post