
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിലാണു ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുന്നത്. അധികം ഇടവേളകൾ ഇല്ലാതെ ആണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന, തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ പുരി ജഗനാഥ്. ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി