വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ്‌

അടുത്ത വർഷം ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചൊവ്വാഴ്‌ച അറിയിച്ചു. വില വർധന 2 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. “ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2 ശതമാനം വരെ വർദ്ധിപ്പിക്കും” പ്രസ്‌താവനയിൽ പറയുന്നു. 

വ്യക്തിഗത മോഡലും വേരിയന്റും അനുസരിച്ച് വിലയിലെ വർദ്ധനവ് വ്യത്യാസപ്പെടുമെന്നും വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും ഇത് ബാധകമാകുമെന്നും പ്രസ്‌താവനയിൽ പറയുന്നു.

മാരുതി സുസുക്കിയും, ഹീറോ മോട്ടോകോർപ്പും വിലവർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാറ്റയും പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. പണപ്പെരുപ്പവും നിയന്ത്രണ ആവശ്യകതകളും മൂലമുള്ള ചെലവ് സമ്മർദ്ദം കാരണം 2023 ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി മാരുതി സുസുക്കി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 

ചെലവ് കുറയ്ക്കാനും വർധന ഭാഗികമായി നികത്താനും കമ്പനി പരമാവധി ശ്രമം നടത്തുമ്പോഴും ചില ആഘാതങ്ങൾ മൂലമുണ്ടാവുന്ന തിരിച്ചടി നികത്താൻ ഉപഭോക്താക്കളും തയ്യാറാകണമെന്ന് മാരുതി വ്യക്തമാക്കി. അതേസമയം, ഡിസംബർ 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ് ഷോറൂം വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് നവംബറിലാണ് പ്രഖ്യാപിച്ചത്. 

English Summary: Tata Motors to increase prices of commercial vehicles

admin:
Related Post