നിയന്ത്രിതമായ രീതിയിലേ കൊവിഡ് വാക്സിനേഷന്‍ നടപ്പാക്കാനാകൂ എന്ന് കേന്ദ്രസര്‍ക്കാർ

വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ ഒരു ദിവസം നൂറ് പേര്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാനാകൂ. കമ്മ്യൂണിറ്റി ഹാളുകളും താല്‍ക്കാലിക ടെന്‍റുകളും സജ്ജമാക്കിയ ശേഷം വലിയ രീതിയില്‍ വാക്സിന്‍ വിതരണം ആലോചിക്കും. വാക്സിന്‍ വിതരണം എങ്ങനെ വേണമെന്ന് നിര്‍ദേശിക്കുന്ന പ്രത്യേക മാര്‍ഗരേഖ (SOP)  കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൈമാറി.

വാക്സിന്‍ വിതരണത്തിനായി പ്രത്യേക ആശുപത്രികള്‍ മുതല്‍, താല്‍ക്കാലികമായി തയ്യാറാക്കുന്ന പ്രത്യേക വാക്സിന്‍ വിതരണകേന്ദ്രങ്ങള്‍ വരെ വന്‍ മുന്നൊരുക്കം നടത്തുകയെന്ന ഭീമമായ ജോലിയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ളത്. വാക്സിന്‍ വിതരണത്തിന് ശേഷം ആളുകള്‍ക്ക് എന്തെങ്കിലും ആരോഗ്യപരമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സ നല്‍കാന്‍ കഴിയുന്ന പ്രത്യേക ആശുപത്രികള്‍ സജ്ജീകരിക്കാനും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. അത്തരത്തില്‍ ഇമ്മ്യൂണൈസേഷന് ശേഷം ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങളെ (Adverse Events Following Immunisation – AEFI) എന്നാണ് മാര്‍ഗരേഖ വിശേഷിപ്പിക്കുന്നത്. വൃദ്ധരും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുമായവര്‍ക്കായി ഇത്തരം ഇമ്മ്യൂണൈസേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കും.

ഓരോ വാക്സിനേഷന്‍ സൈറ്റുകളിലും അഞ്ച് വാക്സിനേഷന്‍ ഓഫീസര്‍മാരും, ഒരു ഗാര്‍ഡും മൂന്ന് മുറികളും ഉണ്ടാകും. വാക്സിനേഷന്‍ നടത്താനാണ് ഒരു മുറി. രണ്ടാമത്തെ മുറി വാക്സിനേഷന്‍ നടത്തേണ്ടവര്‍ക്ക് കാത്തിരിക്കാനുള്ളതാണ്. മൂന്നാമത്തേത് വാക്സിനെടുത്തവരെ നിരീക്ഷിക്കാനുള്ള മുറിയാണ്.

English Summary : The Central Government has said that Kovid vaccination can be done in a controlled manner