
വാഷിങ് ടൺ ഡി.സി : മെക്‌സിക്കന്‍ ബോക്‌സറായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ്. അനധികൃത കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. ലോസ് ആഞ്ജലീസിലെ വസതിയില്‍ നിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. ജന്മനാടായ മെക്‌സിക്കോയിലേക്ക് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മെക്‌സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ മാഫിയയായ സിനലാവോ കാര്‍ട്ടലുമായി ബന്ധമുള്ളയാളാണ് ഷാവേസ് എന്നാണ് കണ്ടെത്തല്‍. മെക്‌സിക്കോയില്‍ ഷാവേസിനെതിരേ ആയുധക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് , നേരത്തെ സിനലാവോ കാര്‍ട്ടലിന്റെ നേതാവ് ജോക്വിന്‍ ഗുസ്മാന്റെ മകനായ എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ഭാര്യയായിരുന്നു. 2008-ല്‍ എഡ്ഗര്‍ ഗുസ്മാന്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ജോ ബൈഡന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമേരിക്കയിലെത്തുന്നത്. 2024 ഫെബ്രുവരി മാസത്തില്‍ വിസാ കാലാവധി തീര്‍ത്തിട്ടും ഷാവേസ് തിരികെപോയില്ല. അമേരിക്കയില്‍ അനധകൃതമായി തുടരുകയായിരുന്നു.
Julio César junior Mexican boxer arrested