തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ പറഞ്ഞു . സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ കൂട്ടായി ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ തീരുമാനിച്ചത്.
ജനകീയ ഇടപെടലിലൂടെ സമരം നേരിടാൻ സർക്കാർ ശ്രമം തുടങ്ങി. എസ്മ പ്രയോഗിക്കാതെ തന്നെ സമരം നേരിടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വേണ്ടി വന്നാൽ പോലീസിന്‍റെ സഹായവും ആരോഗ്യവകുപ്പ് തേടും.
എന്നാൽ സമരം ശക്തമാക്കണനാണ് കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. ആർദ്രം പദ്ധതിക്കോ വൈകുന്നേരം ഒപി തുടങ്ങുന്നതിനോ എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണം എന്നതുമാണ് ഡോക്ടർമാരുടെ ആവശ്യം. സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ യുടെ നിലപാട്.