

പ്രസിദ്ധീകരിച്ചത്: ഏപ്രിൽ 30, 2025 | ആലപ്പുഴ
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് എക്സൈസ് ഒഴിവാക്കി. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കനിവിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് എക്സൈസ് വ്യക്തമാക്കി. കേസിൽ ആദ്യം ഒൻപത് പേർ പ്രതികളായിരുന്നെങ്കിലും, മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെ ഒഴിവാക്കിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ഡിസംബർ 28-ന് തകഴിയിൽ നിന്ന് കുട്ടനാട് എക്സൈസ് സംഘം കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് കൈവശം വച്ചതിനും പൊതുസ്ഥലത്ത് ഉപയോഗിച്ചതിനും കേസെടുത്ത് പിടികൂടിയിരുന്നു. കനിവ് കേസിൽ ഒൻപതാം പ്രതിയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ, മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വാർത്ത വ്യാജമാണെന്നും വാദിച്ച് യു പ്രതിഭ പരസ്യമായി രംഗത്തെത്തി.
വിവാദം രൂക്ഷമായതോടെ, എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായും വൈദ്യപരിശോധന നടത്താതിരുന്നതായും കണ്ടെത്തി. കനിവ് ഉൾപ്പടെ ഏഴ് പേർക്കെതിരെ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നും, കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് തുടരൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവം നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും ചർച്ചയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ ഉന്നയിച്ച വിമർശനങ്ങൾ വിവാദമായെങ്കിലും, അന്വേഷണ റിപ്പോർട്ട് അവരുടെ വാദങ്ങൾ ശരിവെക്കുന്നതാണ്.