ഗരുഡൻ തൂക്കം വഴിപാടായി നടത്തുന്ന ഭദ്രകാളി ക്ഷേത്രം : ഏഴംകുളം ദേവി ക്ഷേത്ര വിശേഷങ്ങൾ

ശക്തി ദേവിയുടെ അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഏഴംകുളം ദേവി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തു ഏഴകുളം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും കുംഭ ഭരണി മഹോത്സവത്തോട് അനുബന്ധിച്ചു പ്രസിദ്ധമായ ഗരുഡൻ തൂക്കവും, കെട്ടു കാഴ്ചയും നടത്തപ്പെടുന്നു. ഈ സ്ഥലത്തെ പ്രകൃതി രമണീയതയും ശാന്തതയും ക്ഷേത്രം സന്ദർശിക്കുന്ന ഏതൊരു ഭക്തന്റെയും മാനസിക സമാധാനവും സന്തോഷവും ലഭിക്കുവാൻ കാരണമാകുന്നു.

ക്ഷേത്ര ഐതിഹ്യം

എട്ട് നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കപ്പെടുന്ന ഏഴംകുളം ദേവി ക്ഷേത്രത്തെ കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഐതിഹ്യം തലമുറകളിലൂടെ കൈമാറുന്നു. പറക്കോട് അവറുവേലിൽ കുഴിവേലിൽ കുടുംബത്തിലെ ഒരു സ്ത്രി ഭർതൃ സമേതയായി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയി. ക്ഷേത്രനടയിൽ തൊഴുതു മടങ്ങുമ്പോൾ ഭർത്താവിനെ കാണാനില്ല. അശരണയായ സ്ത്രി മനംനൊന്ത് പ്രാർഥിച്ചു. അപ്പോൾ തേജസ്വനിയായ ഒരു വ്യദ്ധ അടുത്തു ചെന്ന് സ്വാന്തനപെടുത്തി. മാത്രമല്ല മടക്കയാത്രയിൽ വൃദ്ധ തുണയായി ഒപ്പം പോരുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അവർ ഏഴംകുളത്ത് വഴിയോരത്തെ പാടത്തിന്റെ കരയ്ക്ക് തെല്ലുനേരം വിശ്രമിച്ചതിനു ശേഷം പടിഞ്ഞാരെകരയിലെ കുടംബവീട്ടിലേക്ക് പോയി . കുടുംബത്തിന്റെ പടിപ്പുര കടന്നതോടെ വൃദ്ധയെ കാണാതായി. നാടായ നാടൊക്കെ തിരഞ്ഞിട്ടും വൃദ്ധയെ കണ്ടെത്താനായില്ല. ആ വൃദ്ധ സാക്ഷാൽ കൊടുംങ്ങല്ലൂർ ഭഗവതി ആണെന്നു പിന്നീട് ദേവപ്രശ്നത്തിൽ തെളിഞ്ഞു വ്യദ്ധയും സത്രിയും ഇളവറ്റ സ്ഥലത്ത് അവറുവേലിൽ കുഴിവേലിൽ കുടുബക്കാർ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തി.

മകര ഭരണി മഹോത്സവം

മകരഭരണി നാളിൽ പതിവുപൂജകൾക്ക് പുറമേ ദീപാരധനയ്ക്ക് ശേഷം ഊരാണ്മ പറയെടുപ്പും, തുടർന്ന് കൈനീട്ടപറ സ്വീകരിച്ചു കൊണ്ട് ഏഴംകുളത്തമ്മയുടെ തന്നാണ്ടത്തെ പറയ്ക്കെഴുന്നെള്ളത്ത് മഹോത്സവത്തിന് ആരംഭം കുറിക്കുന്നു. മകരഭരണിയോടനുബന്ധിച്ചുള്ള കളമെഴുത്തും പാട്ടും ,തുടർന്ന് മഹാദേവിയുടെ അതീവ പ്രാധാന്യമേറിയ വിളക്കിനെഴുന്നെള്ളിപ്പും നടത്തപ്പെടുന്നു. വഴിപാട് തൂക്കത്തിനുള്ള കന്നി തൂക്കക്കാരുടെ വ്യതാരംഭവും, തൂക്കുപ്പയറ്റു പഠനവും ഇതോടൊപ്പം ആരംഭിക്കുന്നു.

കുഭബ്ഭരണി മഹോത്സവം

ഏഴംകുളത്തമ്മയുടെ തിരുനാളായ കുഭബ്ഭരണി മഹോത്സവം അശ്വതി, ഭരണി, കാർത്തിക നാളുകളായി നടത്തപെടുന്നു. രേവതി നാളിൽ രാവിലെ തൂക്കക്കാർ മണ്ണടി ക്ഷേത്രത്തിൽ പോയി വന്ന് ഏഴംകുളത്തമ്മയുടെ തിരുമുന്നിലെത്തി തൂക്കപയറ്റുകൾ നടത്തി തന്നാണ്ടത്തെ തൂക്കപയറ്റിന് സമാപനം കുറിയ്ക്കുന്നു. അശ്വതി നാളിൽ രാവിലെ മലക്കുട എഴുന്നള്ളത്തും രാത്രിയിൽ കാവിലടിയന്തിരവും നടത്തപ്പെടുന്നു.
മഹാദേവിയുടെ തിരുനാളായ ഭരണി നാളിൽ രാവിലെ തിരുവത്സവ ദിവസത്തെ ഏറ്റവും പ്രധാന പൂജയായ നവകംപൂജ, വൈകിട്ട് കരപറഞ്ഞ് കളപ്പൊടി വാങ്ങി കെട്ടുകാഴ്‌ച്ച കാണുന്നതിന് വേണ്ടിയുള്ള തിരു എഴുന്നള്ളത്ത്, തുടർന്ന് കളം എഴുത്തും പാട്ടും നടത്തുന്നു. കാർത്തിക നാളിൽ വെളുപ്പിന് 3 മണി മുതൽ എഴുന്നള്ളത്ത്, ആലവിളക്കിൽ ഗരുഡൻ തൂക്കം, വഴിപാട് കമ്പം തുടർന്ന് അഭീഷ്ട കാര്യപ്രാപ്തിക്കും, സന്താനലബ്ധിക്കും വേണ്ടി നടത്തുന്ന വഴിപാട് തൂക്കങ്ങൾ ആരംഭിക്കുന്നു.

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

വിനായക ചതുർത്ഥി

ഈ ദിവസം ക്ഷേത്രത്തിൽ പ്രധാന വഴിപാടായി അഷ്ടദ്രവൃ മഹാഗണപതി ഹോമം നടത്തപ്പെടുന്നു.

 കാവിലടിയന്തിരം

കന്നിമാസത്തിലെ ആയില്യം നാളിൽ കാവിലടിയന്തിരവും, നൂറും പാലും പൂജയും നടത്തപ്പെടുന്നു. കൂടാതെ എല്ലാ മാസവും ക്ഷേത്ര കാവിൽ ആയില്യം പൂജയും നടത്തപെടുന്നു.

 ശ്രീമദ് ദേവിഭാഗവതനവാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോത്സവവും

പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ ശ്രീമദ്‌ദേവി ഭാഗവത പാരായണവും പ്രഭാഷണങ്ങളും വിശേഷാൽ പൂജകളും ദീപാരാധനയ്‌ക്കു ശേഷം നവരാത്രി സംഗീത്സോവവും നടക്കുന്നു.
ദുർഗ്ഗാഷ്ടമിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, പൂജവെയ്പും, മഹാനവമിക്ക് പുഷ്പാഭിഷേകവും, വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും തുടർന്ന് സമൂഹ സദ്യയും, മുല്ലൂർകുളങ്ങര ദേവി ക്ഷേത്രത്തിലേക്കുള്ള അവഭൃത സ്നാന ഘോഷയാത്രയോടെ നവാഹ നവരാത്രി ഉത്സവത്തിന് സമാപനം കുറിക്കുന്നു.

 വൃശ്ചിക ചിറപ്പു മഹോത്സവം

വൃശ്ചികം ഒന്നു മുതൽ 40 നാൾ നീളുന്ന ചിറപ്പുമഹോത്സവവും കളമെഴുത്തും പാട്ടും ക്ഷേത്രസന്നിധിയിൽ നടത്തപെടുന്നു.
40-ാം നാളിൽ ഗുരുതി പൂജയോടെ ഇതിന് സമാപനം കുറിക്കുന്നു. വൃശ്ചികം ഒന്നാം തിയതി ഭക്തജനങ്ങളുടെ വഴിപാടായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിനു ചുറ്റും ഉരുളിച്ച വഴിപാട് നടത്തപ്പെടുന്നു.

 പൊങ്കാല മഹോത്സവം

മകരമാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ച ക്ഷേത്രസന്നിധിയിൽ പൊങ്കാല മഹോത്സവം നടത്തപെടുന്നു.

 ധനു ഭരണി

എല്ലാവർഷവും ധനുമാസത്തിലെ ഭരണി നാളിൽ പ്രത്യേക കളമെഴുത്തും പാട്ടും നടത്തപ്പെടാറുണ്ട്.

 പറയക്കെഴുന്നെള്ളത്തും സമാപന ഘോഷയാത്രയും

കുംഭബ്ഭരണി മഹോത്സവത്തിന്റെ മുന്നോടിയായിട്ടുള്ള മഹാദേവിയുടെ പറയ്ക്കെഴുന്നള്ളത്ത് ഏഴംകുളം തെക്കെ മുറിയിൽ നിന്നും ആരംഭിച്ച് ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുംമൺ, പറക്കോട് തെക്ക്,പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്ട്, ചെറുക്കുന്നത്ത് മുറിയിൽ പര്യവസാനിക്കുന്നു.
പിറ്റേന്നു വൈകിട്ട് പറക്കോട് ശ്രീ ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പറയിടിൽ സമാപന ഘോഷയാത്രയോടു കൂടി തന്നാണ്ടത്തെ പറയ്ക്കെഴുന്നള്ളത്തിന് സമാപനം കുറിക്കുന്നു.

 മീന ഭരണി

അന്നേദിവസം തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഏഴംകുളത്തമ്മ പോകുന്നു എന്ന സങ്കൽപ്പത്താൽ തിരുനട തുറക്കാത്ത ദിവസം.

 രാമയണ മാസാചരണം

കർക്കിടകം ഒന്നുമുതൽ മാസാവസാനം വരെ രാമയണ പാരായണം നടത്തപ്പെടുന്നു.

admin:
Related Post