മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞ പോലീസ്‌കാരിക്ക് ട്രാഫിലേക്ക് മാറ്റം

കൊച്ചി∙ താന്‍ മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാതെ പൊലീസ് സ്‌റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഡിസിപി ഐശ്വര്യ ഡോങ്റെ. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. ‘ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി’ തുടങ്ങിയ കുറ്റങ്ങൾക്കാണ് ട്രാഫിക്കിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഡിസിപി വിശദീകരിച്ചത്. അവിടെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും അഭിനന്ദനാർഹമായ രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. 

കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. കോവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുമുണ്ട് എന്നതും തടയാൻ കാരണമായി. 

തൊട്ടു പിന്നാലെയാണ്, വനിതാ പൊലീസ് സ്റ്റേഷൻ പരിശോധിക്കാനെത്തിയ ഡിസിപിയാണ് മുന്നിൽ നിൽക്കുന്നത് എന്നു വ്യക്തമായത്. സംഭവത്തിൽ പ്രകോപിതയായ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡിസിപി വാഹനത്തിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.

പൊലീസുകാരിയെ ട്രാഫിക്കിൽ അയച്ചതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ ചോദ്യമില്ലാതെ കയറ്റിവിട്ടാൽ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാർ പറയുന്നു. 

English Summary : The policewomen who stopped the DCP at the Mufti was transferred to the traffic