
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. അടുത്ത നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്നാണ് വിലയിരുത്തൽ. ഇതു ശരിയാകുകയാണെങ്കിൽ, കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമാകും 2025. 2009-ൽ മേയ് 23-ന് കാലവർഷം എത്തിയതാണ് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും നേരത്തെയുള്ള വരവ്.
അതിനിടെ, അറബിക്കടലിൽ സീസണിലെ രണ്ടാമത്തെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഈ ന്യൂനമർദം വടക്കോട്ടു നീങ്ങി തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.