എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിതരണം ഈ മാസം മുതൽ

kerosene keralakerosene kerala

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും.

മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും, പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് 6 ലീറ്റർ മണ്ണെണ്ണ അനുവദിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷത്തിലേറെയായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം നിലച്ചിരുന്നു.

കഴിഞ്ഞ വർഷം കേരളം കേന്ദ്ര വിഹിതം ഏറ്റെടുക്കാതെ പാഴാക്കിയിരുന്നു. അനധികൃത റേഷൻ കാർഡുകൾ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് (ഡിഎസ്ഒ) നിർദേശം നൽകി. മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുമതി നൽകാനും താലൂക്ക് അടിസ്ഥാനത്തിൽ വിതരണം നിരീക്ഷിക്കാനും ഡിഎസ്ഒമാർക്ക് ചുമതല നൽകി.

മണ്ണെണ്ണ 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്ന് ഏറ്റെടുത്ത് 31ന് മുൻപ് റേഷൻ കടകളിൽ എത്തിക്കണമെന്നാണ് നിർദേശം. വിഹിതം പാഴാക്കിയാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും.

admin:
Related Post