
തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടു കൂടിയാണ് കാലവർഷം എത്തുന്നത്. 2024ൽ മേയ് 30നും 2023ൽ ജൂൺ എട്ടിനും 2022ൽ മേയ് 29നുമാണ് കാലവർഷം എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 26ന് റെഡ് അലർട്ട് ആയിരിക്കും.
24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം. തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശമുണ്ടായി. നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. മെഡിക്കല്‍ കോളജിനു മുന്നില്‍ മരം ഒടിഞ്ഞു വീണ് കൊല്ലം സ്വദേശിക്കു പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 12 വീടുകള്‍ പൂര്‍ണമായും മുപ്പതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നൂറിലധികം സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. രാത്രി തടസപ്പെട്ട വൈദ്യുതി ബന്ധം പലയിടത്തും ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പെരുമ്പഴതൂരില്‍ കുട്ടപ്പന്‍ എന്നയാളിന്റെ വീട്ടിലേക്ക് രണ്ടു മരങ്ങള്‍ ഒടിഞ്ഞുവീണു. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, പാച്ചല്ലൂര്‍, ചാവടിനട, വെങ്ങാനൂര്‍, പനത്തുറ, കമലേശ്വരം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
അടുത്ത ഒരാഴ്ച പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമാകും. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക–ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടു. വടക്കോട്ടു നീങ്ങി 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. 27 ന് മധ്യ പടിഞ്ഞാറൻ– വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്. 27 വരെ അതിശക്തമായ മഴയ്ക്കാണു സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 8.30 വരെ 0.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും ഉയർന്ന തിരയും തുടർന്നു കടലാക്രമണവും ഉണ്ടായേക്കും. 27 വരെ കേരള തീരത്തു മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
kerala weather latest update