
ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാനായി ഗൂഗിൾ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു . 19,500 രൂപ വാർഷിക മൂല്യമുള്ള ജെമിനി എഐ പ്രോ പ്ലാനിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ 18 വയസ്സിനു മുകളിലുള്ള കോളേജ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. മുമ്പ് അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി ഇപ്പോൾ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
ജെമിനി എഐ പ്രോ പ്ലാൻ ഗൂഗിളിന്റെ ഏറ്റവും നൂതനമായ എഐ മോഡലായ ജെമിനി 2.5 പ്രോയിലേക്കുള്ള ആക്സസ് ഉൾപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അക്കാദമിക്, തൊഴിൽ സംബന്ധമായ ജോലികൾക്ക് സഹായകമായ ഒട്ടേറെ കാര്യങ്ങൾ ഇതിൽ ലഭ്യമാണ്.
എങ്ങനെ അപേക്ഷിക്കാം
18 വയസ്സിനു മുകളിലുള്ള ഇന്ത്യൻ നിവാസികളും അക്കാദമിക് സ്ഥാപനങ്ങളിൽ ചേർന്നിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാകുക. 2025 സെപ്റ്റംബർ 15-നകം ഗൂഗിളിന്റെ ഔദ്യോഗിക പ്രൊമോഷൻ പേജ് വഴി രജിസ്റ്റർ ചെയ്യാം: https://gemini.google/students/?gl=IN. സാധുവായ സ്കൂൾ ഇമെയിൽ വിലാസമോ മറ്റ് വിദ്യാർത്ഥി തിരിച്ചറിയൽ രേഖകളോ ഇതിനായി നൽകേണ്ടതുണ്ട് . ഗൂഗിൾ പേയ്മെന്റ്സ് പ്രൊഫൈലുമായി ബന്ധിപ്പിച്ച ഗൂഗിൾ അക്കൗണ്ട് ആവശ്യമാണ്. മുൻകൂർ പേയ്മെന്റ് വിശദാംശങ്ങൾ ആവശ്യമില്ല, വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ നിന്ന് പിന്മാറാം.