
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിൽ എത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ അദ്ദേഹം റോഡ് മാർഗം രാജ്ഭവനിലേക്ക് പോയി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പരിസരത്തും നഗരത്തിലും ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
നാളെ രാവിലെ 10:15-ന് ഹെലികോപ്റ്റർ മാർഗം പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിക്കും. 10:30-ന് അവിടെയെത്തുന്ന അദ്ദേഹം എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ച ശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12:30-ഓടെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.
ഉദ്ഘാടന ചടങ്ങിൽ 10,000-ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾക്ക് ചടങ്ങ് കാണുന്നതിനായി വലിയ എൽഇഡി സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.