ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പരിനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതി സർക്കുലർ ഇറക്കി.

കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി.0, 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കിൽ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കിൽ എത്തണം.

സേവിങ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്ക് നിയന്ത്രണം ബാധകമാണ്. മറ്റ് ബാങ്കിടപാടുകൾക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങൾക്ക് ബാങ്കിലേക്ക് ഫോൺ ചെയ്താൽ മതി. തിങ്കൾ മുതൽ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും. ഇടപാടുകാർ ഡിജിറ്റൽ മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് SLBC അഭ്യർഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങൾ ഉള്ള സ്ഥലങ്ങളിൽ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളിൽ പ്രദർശിപ്പിക്കും. 

English Summary : Restriction on Savings Account Holders in Banks

admin:
Related Post