

മലപ്പുറം: മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഉപാധിവെച്ച പി.വി. അൻവറിനോട് കടുത്ത നിലപാട് എടുത്ത് കോൺഗ്രസ്. പി.വി. അൻവറിന്റെ നീക്കങ്ങൾ യുഡിഎഫിനെ സമ്മർദ്ദത്തിലാഴ്ത്തുന്നതാണെന്നും ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്ന നിലപാട് എത്തിയിരിക്കുകയാണ് കോൺഗ്രസ്. അങ്ങോട്ടുപോയി അൻവറിന് കീഴടങ്ങേണ്ടതില്ലെന്നും അൻവർ വേണമെങ്കിൽ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. കോൺഗ്രസ് ഇതിന് വഴങ്ങാത്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.
മുന്നണി പ്രവേശത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി.വി.അൻവറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് കഴിഞ്ഞദിവസം യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെക്കുറിച്ച് ആരോപണം ഉയർത്തി അൻവർ നടത്തിയ പ്രസ്താവനകളെന്ന വിലയിരുത്തലുകൾ കോൺഗ്രസിൽ ശക്തമാണ്. അവമതിപ്പും ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് വിള്ളൽ വരുത്തുന്ന രീതിയിലുള്ള കാര്യമാണ് കഴിഞ്ഞദിവസം അൻവറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോൺഗ്രസിന്റെ വാദം.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി പി വി അൻവർ അപമാനിച്ചെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
PV Anwar Nilambur election