

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവച്ചു. മേയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവച്ചത്.
സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിദേശ സന്ദർശനം മാറ്റിയത്. നേരത്തെ വെള്ളിയാഴ്ച നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും ധീരരായ സൈനികർ സംരക്ഷിക്കും. വെല്ലുവിളികൾ നേരിടാൻ സൈനികർക്ക് ക്ഷമയും ധൈര്യവും ദൈവം നൽകട്ടെ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാക്കൾ ആകെ വളരെ ആവേശത്തോടെയാണ് തിരിച്ചടിയുടെ വാർത്തകളോടു പ്രതികരിച്ചത്. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അതേസമയം, സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തന്റെ പ്രതികരണം കുറിച്ചത്. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം സേനക്കൊപ്പമാണെന്നും തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണതിനെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു.
pm modi about operation sindoor