
തിരുവനന്തപുരം: 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശം കര്‍ശനമായാല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകൾ കുരുക്കിലാകും. അടുത്ത 11 മാസത്തിനുള്ളില്‍ നിലവിൽ ഓടുന്ന പകുതി ബസുകളും കാലഹരണപ്പെടും. 5062 ബസുകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന കോര്‍പറേഷന്‍ ദിവസം 4200 ബസുകളാണ് നിരത്തില്‍ ഇറക്കുന്നത്. അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹന വ്യൂഹമായിരിക്കും. അധികാരമേറ്റ് ഒരുവര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന 25 ശതമാനം ബസുകളും കാലപ്പഴക്കത്തില്‍ പിന്‍വലിക്കേണ്ടിവരും. മേയ് മാസത്തോടെ 2014 ബസുകളുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിയും. പുതിയ ബസുകള്‍ വാങ്ങുന്നതില്‍ സര്‍ക്കാരും കോര്‍പറേഷനും വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം.
ഒമ്പത് വര്‍ഷത്തിനിടെ 544 ബസുകളാണ് വാങ്ങിയത്. ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം 143 ബസുകള്‍ വാങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്‍വലിക്കപ്പെടുന്ന ബസുകള്‍ക്ക് ഇവ പകരമാകില്ല. 2030 ല്‍ പൊതുഗതാഗത രംഗത്ത് നിന്നും ഡീസല്‍ ബസുകള്‍ പൂര്‍ണമായി പിന്‍വലിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നിലനില്‍ക്കെ ഇപ്പോള്‍ വാങ്ങുന്ന ഡീസല്‍ ബസുകള്‍ എത്രകാലം ഉപയോഗിക്കാന്‍ കഴിയുമെന്നതിലും ആശങ്കയുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദായ 1194 ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പറേഷനുകള്‍ക്ക് ഇന്‍ഷുറന്‍സ് അനിവാര്യമല്ലെന്ന വ്യവസ്ഥയാണ് സഹായകരമായത്. രജിസ്‌ട്രേഷന്‍ റദ്ദായ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കില്ല. പകരം നഷ്ടപരിഹാരം കോര്‍പറേഷന്‍ നല്‍കും.
KSRTC bus registration