‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ ; സുരേഷ് ​കുമാർ വിവാ​ദത്തിൽആന്റണി പെരുമ്പാവൂരിനെപിന്തുണച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സിനിമാ താരങ്ങളും. ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും. ‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ എന്നാണ് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

ഷേക്ക് ഹാന്റ് ഇമോജി പങ്കുവച്ചു കൊണ്ട് ഉണ്ണിമുകുന്ദനും ആന്റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തില്‍ നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി പോസ്റ്റാണ് ആന്റണി പങ്കുവെച്ചത്.

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ആന്റണി പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ.

സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയാണെന്നാണ് ആന്റണി കുറിച്ചത്.

Antony Perumbavoor gets support from prithviraj in suresh kumar issue

admin:
Related Post