

ആശിർവാദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വീണ്ടും മോഹൻലാൽ-ജീത്തു ജോസഫ് മെഗാഹിറ്റ് കൂട്ടുകെട്ട് മൂന്നാം തവണയും ഒന്നിച്ച ’12ത് മാൻ’ ദേശീയ തലത്തിൽ തന്നെ വൻ വിജയമായി മാറിയിരിക്കുന്നു. ഹോട്സ്റ്റാറിൽ ഈ വർഷം പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും അധികം വ്യൂവർഷിപ്പ് നേടിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ്, റീലീസ് ചെയ്ത് ഏകദേശം മൂന്നാം വാരം പിന്നിടുമ്പോൾ ഈ ജിത്തു ജോസഫ് ചിത്രം. കഴിഞ്ഞ മാസം മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ദിനത്തിന് കൃത്യം ഒരു ദിവസം മുന്നോടിയായിട്ടായിരുന്നു ഡിസ്നി ഹോട്ട്‌സ്റ്റാർ വഴി ’12ത് മാൻ’ സ്ട്രീമിംഗ് ചെയ്തത്. ഹോളിവുഡ്-ഫ്രഞ്ച് ക്ലാസിക് മിസ്റ്ററി ചിത്രങ്ങളുടെ അവതരണ ശൈലിയോടും സംവിധാനമികവിനോടും കിടപിടിക്കുന്ന രീതിയിൽ ഉള്ള ചിത്രത്തിൻ്റെ ചിത്രീകരണ മികവ് രാജ്യാന്തര തലത്തിലാണ് നിരവധി നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായങ്ങളുമായി എത്തിയത്. ട്വിറ്ററിൽ ഈ വർഷം ഏറ്റവുമധികം ട്രെൻഡിങ് ലിസ്റ്റിൽ നിന്ന മലയാള ചിത്രവുമായി മാറി 12ത് മാൻ. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഗംഭീര അഭിപ്രായങ്ങൾ ആണ് ചിത്രത്തെ തേടിയെത്തിയത്.
നിരൂപകപ്രശംസകൾ കൊണ്ടും പ്രേക്ഷകപ്രീതികൊണ്ടും ഇത്തവണയും മോഹൻലാലിന് ഒരു ഗംഭീര പിറന്നാൾ സമ്മാനം നൽകിയ ജിത്തു ജോസഫിനെ വല്യ തോതിലാണ് മോഹൻലാൽ ആരാധകർക്കിടയിൽ തന്നെ ഓൺലൈൻ തലത്തിൽ ആഘോഷമാക്കിയത്. മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാൻ ഇന്ത്യൻ തലത്തിൽ തന്നെ പ്രശസ്തമായ ചൈനയിൽ ഉൾപ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങൾ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച് വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലർ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കിയത് ഇത്തവണ. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ചിത്രത്തിൻ്റെ നിലവാരത്തെ കുറിച്ചും ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തുന്ന തലത്തിൽ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ലാസിക് മിസ്റ്ററി ചിത്രങ്ങളുടെ ഫോർമാറ്റിൽ ഉള്ള ഈ ചിത്രത്തിൻ്റെ തിരക്കഥാരചനക്ക് തന്നെ രണ്ട് വർഷത്തിൽ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയിൽ ആണ് ഇത്തവണ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രതതിൻ്റെ കഥയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒ ടി ടി വിജയവുമായി ആശിർവാദ് പ്രൊഡക്ഷൻസും എത്തിയിരിക്കുന്നത്. ജനുവരിയിൽ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ‘ബ്രോ ഡാഡി’ ഇന്ത്യയിൽ തന്നെ ഹോട്സ്റ്റാറിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങൾ അദ്യദിനങ്ങളിൽ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് നേട്ടവുമായി അൽഭുതം സൃഷ്ടിചിരുന്നു. ഈ വർഷം ഇനിയും മോൺസ്റ്റർ, എലോൺ, ബറോസ് തുടങ്ങി വ്യത്യസ്ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രങ്ങളാണ് ആശിർവാദിൻ്റെ നിർമാണത്തിൽ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇവയ്ക്ക് പുറമെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും നാലാം തവണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘റാം’ നിരവധി നാളുകളായി കോവിഡ് പ്രശ്നങ്ങൾ കാരണം നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വങ്ങൾ നീക്കി അവസാനവട്ട ചിത്രീകരണതിനായി വിദേശത്തേക്ക് താമസിക്കാതെ തന്നെ അണിയറപ്രവർത്തകരും താരങ്ങളും പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് അണിയറ റിപ്പോർട്ടുകൾ.
ഇടുക്കിയിലെ ഒരു മലയോര റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ’12ത് മാൻ’ കോവിഡ് കാലത്ത് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് വളരെ വലിയ താരനിരയുമായി ചിത്രീകരണം പൂർത്തിയാക്കിയത്. ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.