മെഗാ ബാങ്ക് ലയനം: ഏപ്രില്‍ ഒന്നിന് പുതിയ ബാങ്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ ആയിരുന്നിട്ടും ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ബാങ്കുകളെ നാല് വലിയ ബാങ്കുകളായി ലയിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. ലയിപ്പിക്കുന്ന ബാങ്കുകളുടെ ശാഖകള്‍ അടുത്ത മാസം മുതല്‍ സംയോജിപ്പിച്ച പുതിയ ബാങ്കുകളായി പ്രവര്‍ത്തിക്കും. മെഗാ ബാങ്ക് ഏകീകരണ പദ്ധതി പുരോഗതിയിലാണെന്നും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രസ്താവന.

പൊതുമേഖലയില്‍ വലിയ ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഏകീകരണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 10 ബാങ്കുകളുടെ സംയോജന പദ്ധതി സംബന്ധിച്ച് മാര്‍ച്ച് 4 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ബാങ്കുകളുടെ ലയന പദ്ധതികള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയനുകള്‍ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കും. കാനറ ബാങ്കിലേക്ക് സിന്‍ഡിക്കേറ്റ് ബാങ്കും അലഹബാദ് ബാങ്കിലേയ്ക്ക് ഇന്ത്യന്‍ ബാങ്കും ലയിപ്പിക്കും. ആന്ധ്ര, കോര്‍പ്പറേഷന്‍ ബാങ്കുകള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് ലയിപ്പിക്കും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകള്‍ ഏപ്രില്‍ 1 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളായും സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖകള്‍ കാനറ ബാങ്കിന്റെ ശാഖകളായും പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു

അലഹബാദ് ബാങ്ക് ശാഖകള്‍ ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളായി പ്രവര്‍ത്തിക്കുമെന്നും ആന്ധ്ര ബാങ്കിന്റെയും കോര്‍പ്പറേഷന്‍ ബാങ്കിന്റെയും ശാഖകള്‍ അടുത്ത 2020-21 സാമ്പത്തിക വര്‍ഷം ആരംഭം മുതല്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളായി പ്രവര്‍ത്തിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ലയിപ്പിക്കുന്ന ബാങ്കുകളുടെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളെ ഈ ബാങ്കുകള്‍ ലയിപ്പിച്ച ബാങ്കുകളുടെ ഉപഭോക്താക്കളായി ഏപ്രില്‍ 1 മുതല്‍ കണക്കാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.