ഡിസ്‌ലൈക്ക് കാമ്പയിനുകളെ നിഷ്പ്രഭമാക്കി ‘ സഡക് 2 ‘ വിലെ ആലിയാഭട്ട് – ആദിത്യറോയ് കപൂറിന്റെ ആദ്യ ഗാനം വൈറലായി മുന്നേറുന്നു

സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡിൽ വൻവിജയം നേടിയ , സംവിധായകൻ മഹേഷ് ഭട്ടിന്റെ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്ന ‘സഡക്കി ‘ ന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി അണിയറക്കാർ ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പുറത്തു വിട്ടിരുന്നു . മഹേഷ് ഭട്ട് തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകൻ .

ട്രെയിലർ ‘യു ട്യൂബി’ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയായിൽ ട്രെയിലർ തരംഗമായി എങ്കിലും സുശാന്ത് സിങ് രാജ് പുതിന്റെ മരണാനന്തര വിവാദ ഫലമായുണ്ടായ ഡിസ്‌ലൈക്ക് കാമ്പയിനിലൂടെ വൻ പ്രതിഷേധത്തിന് മഹേഷ് ഭട്ടും മകൾ ആലിയാ ഭട്ടും പാത്രീഭൂതരായിരുന്നു. ഈ സന്ദർഭത്തിലാണ് ‘ സഡക് 2 ‘ വിലെ “ദോ ദിൽ സഫർ മെയിൻ നിഖൽ പടേ ,ജാനാ കഹാ കെയ്‌ൻ ഫിക്കർ കരേയ്ൻ ” എന്ന ആദ്യ ഗാന വീഡിയോ പുറത്തു വിട്ടത്.

പതിവു ഡിസ്‌ലൈക്ക് പ്രവാഹമുണ്ടായെങ്കിലും അതിനെയെല്ലാം തറപറ്റിച്ചു കൊണ്ട് ഒരു ദിവസം പിന്നിടുമ്പോൾ പന്ത്രണ്ടു മില്യനിൽ കൂടുതൽ കാഴ്ചക്കാരുമായി മുന്നേറ്റം തുടരുകയാണ് ഈ ഗാന വീഡിയോ. ഇത് അണിയറ പ്രവർത്തകർക്ക് കൂടുതൽ ഉത്സാഹം പകർന്നിരിക്കയാണ്.

സഞ്ജയ് ദത്തിനൊപ്പം യുവതാരങ്ങളായ ആലിയാ ഭട്ടും ആദിത്യ റോയ് കപൂറും ഒത്തു ചേരുന്ന ‘ സഡക് 2 ‘ വിൽ പ്രിയങ്കാ ബോസ് , മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . ഇരുപത്തി ഒമ്പതു വർഷത്തിന് ശേഷമാണ് മഹേഷ് ഭട്ട് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് എന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ‘ സഡക് 2 ‘ വിനായി കാത്തിരിക്കുന്നത് . ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള റോഡ് ത്രില്ലറാണ് . അങ്കിത് തിവാരിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . ‘ ദിൽ ബേച്ചാരേ ‘ക്കു ശേഷം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ഓ ടി ടി പ്ലാറ്റുഫോമിൽ റിലീസ് ചെയ്യന്ന സിനിമ കൂടിയാണിത്.

English Summary : TumSeHi first song from Sadak2 is out