സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് പിടിയിൽ. ബെംഗലൂരുവിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. 

കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടർന്നുവെന്ന്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി കമ്മീഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ സഹായം തേടി കസ്റ്റംസ് അധികൃതർ കമ്മീഷണർക്ക് ഇ-മെയിലായാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.

English : Swapna Suresh, one of the main accused in the gold smuggling case, has been arrested