സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും

തിരുവനന്തപുരം:- സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാൻ പൊതുഭരണ വകുപ്പ് ശുപാർശ ചെയ്തു. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങണമെന്നും വകുപ്പ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാവും.

ഇപ്പോൾ അവശ്യ സേവന വിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യേണ്ടി വരുന്നവർക്ക് ഇളവു തുടരാൻ സാധ്യതയുണ്ട്. അവർ അതത് ജില്ലാ കളക്ടർമാർക്കു മുന്നിൽ റിപ്പോർട്ടു ചെയ്ത് അവിടങ്ങളിൽ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.

നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിലാകാത്തത് വികസന, പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്.

English Summary : Saturday leave in government offices may be waived