റബ്ബറിന് ഇടവിളകള്‍ – കോള്‍ സെന്ററില്‍ വിളിക്കാം

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞയും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം    ജോയിന്റ്  ഡയറക്ടറുമായ ഡോ. എം.ഡി. ജെസ്സി  ഏപ്രില്‍ 4-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കോള്‍ സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ : 0481- 2576622.
റബ്ബര്‍തോട്ടങ്ങളില്‍  നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷി കര്‍ഷകരെ സഹായിക്കും. മുഖ്യവിളയായ റബ്ബറിന് ദോഷകരമല്ലാത്തവിധത്തില്‍ അപക്വകാലഘട്ടത്തില്‍ വാഴ, കൈത, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്. വിളവെടുപ്പിനു മുമ്പുതന്നെ വരുമാനം നേടാന്‍ കര്‍ഷകന് ഇത് സഹായകമാകും. തോട്ടത്തില്‍ റബ്ബറിനോടൊപ്പം ദീര്‍ഘകാലവിളകളായ കൊക്കോ, കാപ്പി, വാനില തുടങ്ങിയവയും ഔഷധസസ്യങ്ങളും ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്.  ഇതിനെക്കുറിച്ച് വിവിധ പരീക്ഷണനിരീക്ഷണങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയിട്ടുണ്ട്. ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതിനും വേനല്‍കാലത്ത് മണ്ണില്‍ ജലാംശം നിലനിര്‍ത്തുന്നതിനും മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും ബഹുവിളക്കൃഷി സഹായകമാണ്.
റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍  ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍  പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നു ലഭിക്കും. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.