പാര്‍വൈ മുനിയമ്മ അന്തരിച്ചു

മധുരൈ: നാടന്‍ പാട്ട് കലാകാരിയും തെന്നിന്ത്യന്‍ അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. നിരവധി തമിഴ് സിനിമകളില്‍ പാടി അഭിനയിച്ച മുനിയമ്മ മമ്മൂട്ടി ചിത്രം ‘പോക്കിരിരാജ’യിലും പാടി അഭിനയിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകള്‍ ശ്രദ്ധ നേടി. വിക്രം നായകനായ ‘ധൂള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണിഗാനരംഗത്തും സിനിമയിലേക്കും എത്തുന്നത്.

മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ ”സിങ്കം പോല” എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തൊരണൈ’, ‘കോവില്‍’, ‘തമിഴ്പടം’, ‘മാന്‍കരാട്ടെ’, ‘വെങ്കൈ’, ‘വീരം’, ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ വേഷമിടുകയും ചിലതില്‍ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.