പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലം സ്ഥായിയായി നിലനിൽക്കാൻ പുതുക്കി പണിയുന്നതാണ് നല്ലതെന്ന ഇ ശ്രീധരന്റെ അഭിപ്രായവും ചെന്നൈ ഐഐടി റിപ്പോർട്ടും പരിഗണിച്ചാണ് നടപടി.

പാലത്തിന്റെ പുനര്‍നിര്‍മാണം സാങ്കേതികമികവുള്ള ഏജന്‍സിയെ ഏല്‍പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയുണ്ടാവും. ഇതിന്‍റെയെല്ലാം പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ തന്നെ നിര്‍വഹിക്കും. പാലത്തിന്‍റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയെല്ലാം ഇ ശ്രീധരന്‍ തന്നെ തയ്യാറാക്കും. സമയബന്ധിതമായി പാലം പുതുക്കിപ്പണിയാനാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം തന്നെ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.