ആടുജീവിതത്തിന് പാക്കപ്പ്

ആടുജീവിതം’ സിനിമയുടെ ജോര്‍ദ്ദാനില്‍ നടന്നുവന്നിരുന്ന ചിത്രീകരണത്തിന് പാക്കപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്ക് നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് പുനരാരംഭിച്ചിരുന്നു. ഇന്ത്യ അന്തര്‍ദേശീയ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തില്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും ബ്ലെസിയും സംഘവും വാര്‍ത്തകളിലും നിറഞ്ഞിരുന്നു. ഒരു ഗ്രൂപ്പ് സെല്‍ഫിക്കൊപ്പം നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ജോര്‍ദ്ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിനാണ് ആടുജീവിതത്തിന്റെ  ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവെക്കേണ്ടിവന്നത്. ചിത്രീകരണസംഘത്തിന്റെ  വിസ കാലാവധി ഏപ്രില്‍ രണ്ടാംവാരത്തിനുള്ളില്‍ അവസാനിക്കുമെന്ന പ്രതിസന്ധിയുമുണ്ടായിരുന്നു. അതിനാല്‍ തങ്ങളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്ന സാഹചര്യത്തില്‍ സിനിമാസംഘത്തെ തിരികെയെത്തിക്കുന്നത് പ്രായോഗികമല്ലെന്നും എന്നാല്‍ സംഘത്തിന്റെ വിസ കാലാവധി നീട്ടാനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി എ കെ ബാലന്‍ പിന്നാലെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു.

58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്. വിറ്റഴിഞ്ഞ കോപ്പികളുടെയും പതിപ്പുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ച ബെന്യാമിന്റെ നോവലാണ് അതേ പേരില്‍ ചലച്ചിത്രമാവുന്നത്. 2013ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

English Summary:  Pack up for Malayalam Movie Aadujeevitham from Jordan