നടൻ അടൂർ ഭാസി ഓർമ്മയായിട്ട് 33 വർഷം

മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞുനിന്ന അതുല്യ നടൻ അടൂർ ഭാസി ഓർമയായിട്ട് 33 വർഷം. നാടകാഭിനയത്തിലൂടെയാണ് ഭാസ്കരൻനായർ എന്ന അടൂർ ഭാസി സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. 1953 ൽ തിരമാല എന്ന സിനിമയിലൂടെ അദ്ദേഹത്തിന്റെ സിനിമ യാത്ര ആരംഭിച്ചു. തുടർന്നുള്ള 36 വർഷങ്ങളിൽ അറുന്നുറോളം സിനിമകളിൽ അദ്ദേഹം നിറഞ്ഞു നിന്നു. ഹാസ്യസാഹിത്യകാരനായ ഇ വി കൃഷ്ണപിള്ളയുടെയും കെ മഹേശ്വരിഅമ്മയുടെയും മകനായി തിരുവനന്തപുരം വഴുതകാട് റോസ്കൊട്ട് ബംഗ്ലാവിൽ 1927 മാർച്ച്‌ ഒന്നിനാണ് അടൂർ ഭാസിയുടെ ജനനം. അച്ഛന്റെ മരണശേഷം അടൂരിലേക്ക് എത്തി. പിന്നീട് പേരിനൊപ്പം അടൂരും ചേർത്തു.

അഭിനയം കൂടാതെ രചയിതാവ്, പത്രപ്രവർത്തകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും ഭാസി മലയാളത്തിൽ നിറഞ്ഞു നിന്നു. നടൻ ബഹദൂറുമായി ചേർന്നുള്ള കോമ്പിനേഷൻ മലയാള സിനിമയിൽ ഒരു ഭാസി – ബഹദൂർ എന്ന ഒരു സംസ്‌കാരം തന്നെ സൃഷ്ടിച്ചു. ഇതിന് ആസ്പതമായി കേരളത്തിൽ കാർട്ടൂൺ പരമ്പരയും പുറത്തിറങ്ങി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടൂർ ഭാസി അവതരിപ്പിച്ച അഴിമതി നാറാപിള്ള, ലക്ഷപ്രഭുവിലെ പിള്ള,

ചട്ടക്കാരിയിലെ എൻജിൻ ഡ്രൈവറുമൊക്കെ മലയാളികളുടെ മനസ്സിൽ തട്ടിനിൽക്കുന്ന കഥാപാത്രങ്ങളായി.

1977 ൽ പ്രദർശനത്തിനെത്തിയ സ്ഥാനാർഥി സാറാമ്മയിലെ ശാസ്ത്രികളുടെ കഥാപാത്രം പുതുതലമുറയുടെ മനസിലും ഇടംപിടിച്ചു. ‘കുരുവിപ്പെട്ടി നമ്മുടെ പ്പെട്ടി കടുവപെട്ടിക്ക് വോട്ടില്ല’ എന്ന് പാടി അഭിനയിച്ച അടൂർ ഭാസിയുടെ കഥാപാത്രം ഇന്നും നമുക്കിടയിൽ രാഷ്ട്രീയത്തിൽ ജീവിക്കുന്നുണ്ട്. വ്യക്കരോഗബാധയെ തുടർന്ന് 1990 മാർച്ച്‌ 29ന് 63 ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. അച്ഛന്റെ അൻപത്തിരണ്ടാം ചരമവാർഷികത്തിന്റെ തലേദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1974ലും 1979ലും മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും 1984 ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.

English Summary : It has been 33 years since actor Adoor Bhasi died

admin:
Related Post