സബ് ജയില്‍ ജീവനക്കാര്‍ നിര്‍മ്മിച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രം വൈറലാകുന്നു

ജയില്‍ വകുപ്പിന് വേണ്ടി കണ്ണൂര്‍ സബ് ജയില്‍ ജീവനക്കാര്‍ നിര്‍മ്മിച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രം വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരാണ് കണ്ടത്. മേയ് എട്ടിന് തന്റെ ഫെയ്സ് ബുക്ക് പേജിലുടെ നടന്‍ മോഹന്‍ലാലാണ് ചിത്രം റിലീസ് ചെയ്തത്. ജയില്‍ വകുപ്പിന് വേണ്ടി നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി എന്ന സന്ദേശമുയര്‍ത്തിയാണ് ലോക് ഡൗണ്‍ എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. സ്ഥിരം ലോക് ഡൗണില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെയാണ് കഥ പറയുന്നത്.

കൊവിഡ് വൈറസ് വ്യാപനം നടക്കുന്നതിന്റെ തുടക്കമാണ് കാലം മറ്റെല്ലായിടങ്ങളും പോലെ ജയിലിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ ദിവസങ്ങളിലൊന്നിലാണ് വധശ്രമത്തിന് റിമാന്‍ഡ് ചെയ്യപ്പെട്ട തടവുകാരനെ കാണാന്‍ അയാളുടെ ഭാര്യയും കുഞ്ഞുമെത്തുന്നത്. ഭര്‍ത്താവ് ജയിലിലും താനും കൈ കുഞ്ഞും പുറത്തും വരാന്‍ പോകുന്ന കറുത്ത കാലത്തിന്റെ ഭീതിയും നിസഹായതയും ആ യുവതിയുടെ മുഖത്തുണ്ട്. എങ്കിലും എങ്ങനെയെങ്കിലും ഭര്‍ത്താവിനെ പുറത്തിറക്കാമെന്ന് അവര്‍ പറയുന്നു. തന്റെ കമ്മല്‍ വിറ്റ് വക്കീലിനുള്ള പൈസ കൊടുത്തിട്ടുണ്ടെന്നും കമ്ബിയിഴകളില്‍ കൈകള്‍ ചേര്‍ത്തുവെച്ച് അവള്‍ പറയുമ്‌ബോള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രാപ്പകല്‍ ജോലി ചെയ്തുകൊണ്ടു തീര്‍ത്ത കമ്മല്‍ നഷ്ടപ്പെട്ട തിലല്ല.

കൊവിഡ് കാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിപ്പോയാല്‍ എന്തു ചെയ്യുമെന്നാണ് അവളുടെ ആശങ്ക. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും നമുക്ക് ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ആകസ്മിക സംഭവത്തില്‍ പ്രതിയാക്കപ്പെട്ട ഭര്‍ത്താവിന്റെ മറുപടി. സമാഗമം തീരാറായി എന്ന് പാറാവു നില്‍ക്കുന്ന വാര്‍ഡന്‍ പറയുമ്‌ബോള്‍ നീയും കുഞ്ഞും നല്ലവണ്ണം കൈ കഴുകാന്‍ മറക്കരുതെന്ന ഉപദേശം നല്‍കാനും അയാള്‍ മറക്കുന്നില്ല. കൊവിഡെന്ന മഹാമാരിയെ ചെറുക്കാന്‍ സ്ഥിരം ലോക് ഡൗണായിപ്പോയ തടവുകാരും സജ്ജമാണെന്ന സന്ദേശത്തോടു കൂടിയാണ് ഗൗതം പ്രദീപ് രചനയും സംവിധാനവും നിര്‍മിച്ച ചിത്രം അവസാനിക്കുന്നത്.