ജോസ് കെ മാണി വിഭാഗം ഇടതിനൊപ്പം

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം.

എന്നാല്‍ തോമസ് ചാഴിക്കാടന്‍ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തില്‍ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവര്‍ത്തിച്ചു.

വര്‍ഗീയ ശക്തികളെ തടഞ്ഞ് നിര്‍ത്താന്‍ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്നും ജോസ് കെ മാണി പറയുന്നു. കൊവിഡിലും കാര്‍ഷിക പ്രശ്‌നങ്ങളിലും ഇടത് മുന്നണി അനുഭാവപൂര്‍ണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ്.

യുഡിഎഫില്‍ നിന്ന് പുറത്തായ ജോസ് വിഭാഗം ഒടുവില്‍ ഇടത് പക്ഷത്തേക്ക് ചേക്കേറുകയാണ്. പാര്‍ട്ടിയില്‍ തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം കൂടെ കൂട്ടിയാണ് ജോസ് കെ മാണിയുടെ വാര്‍ത്താ സമ്മേളനം. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് ,തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ജോസിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

38 വര്‍ഷക്കാലം ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.

കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ജോസഫ് ലോക്‌സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English Summary : jose k mani group join ldf