വിജയ് ബാബുവിനെയും ജയസൂര്യയെയും ഒഴിവാക്കും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്.

സിനിമാ വ്യവസായം ഒന്നടങ്കം വലിയൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് ഇവര്‍ ചെയ്യുന്നത് ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിട്ടിട്ട് 67-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ തീയേറ്ററില്‍ കളിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കൊടുക്കുന്നു എന്ന് പറയുന്നതില്‍ ന്യായമുണ്ട്. പക്ഷേ  ഇന്ന് സിനിമാ വ്യവസായം മുഴുവന്‍ അതില്‍ തീയേറ്റര്‍ ഉടമകള്‍ മാത്രമല്ല ആര്‍ടിസ്റ്റുകള്‍ ഉണ്ട് മറ്റ് തൊഴിലാളികള്‍ ഉണ്ട്, ഇവരെല്ലാം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റപ്പെട്ട ഒന്നോ രണ്ടോ വ്യക്തികള്‍ ഒരു സിനിമ വേറെ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ  ചതിയാണ്.

അതിലൊരു വ്യക്തി മലയാള സിനിമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത നിര്‍മ്മാതാവാണ്.   തീയേറ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓടിച്ച് കൊണ്ട് ഹിറ്റുകള്‍ നേടിയ നിര്‍മ്മാതാവാണ്. അങ്ങനെ ഒരു വ്യക്തി തന്റെ ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.