സംസ്ഥാനത്ത് പെരുമഴയിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് ശമനമില്ലാത്ത മഴയിൽ വ്യാപകമായ നഷ്ടം. മൂന്നു മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരെ കാണാനില്ല. ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും സ്ഥിതി രൂക്ഷമാണ്. വ്യാഴാഴ്ച വരെ കനത്ത മഴതുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊച്ചി നഗരത്തില്‍ വെള്ളം കയറി വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെളളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരത്ത് കനത്ത മഴയെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയാറ് കരകവിഞ്ഞു. മൂവാറ്റുപുഴ ഇലാഹിയകോളനിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.വാഗമൺ റോഡിൽ മലവെള്ളപാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.

മൂവാറ്റുപുഴയിൽ ക്രമാധീതമായി ജലനിരപ്പുയർന്നു കടകളിൽ വെള്ളം കയറി. എറണാകുളം ജില്ലയിലെ ആദിവാസി ഊരുകൾ ഒറ്റപെട്ടു. കനത്തമഴയെ തുടർന്ന് കടലോര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.