സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ഹനാനയെ

കൊച്ചി : കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഹനാന എന്ന പെൺകുട്ടിയുടെ കഥ നമുക്കെല്ലാം സുപരിചിതമാണ്. കോളേജിൽനിന്നും മടങ്ങിവന്നു മീൻകച്ചവടം നടത്തുന്ന ഹനാനയെ പുകഴ്ത്തി വാർത്തകൾ വന്നതിന് തൊട്ടുപിന്നാലെ ഹനാനയെ അധിഷേപിച്ചുകൊണ്ടുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ഏതോ സിനിമയുടെ പ്രമോഷനാണെന്നും മറ്റും പറഞ്ഞു ഹനാനയെ പരിഹസിച്ച ആളുകൾ മനസിലാക്കാതെ പോകുന്നത് ഹനാന എന്ന ജീവിതത്തോട് പൊരുതുന്ന ഒരു പെൺകുട്ടിയെപ്പറ്റിയാണ്. ഡോക്ടർ ആകണം എന്ന് ആഗ്രഹമുള്ള ഹനാന തന്റെയും സഹോദരന്റെയും പഠനത്തിനാവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ജോലികൾ ചെയ്തത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായതും അവതാരകയായും കല്യാണവീടുകളിൽ ആഹാരം വിളമ്പാനുമെല്ലാം പോയിട്ടുള്ള ഹനാന ഇവയിൽനിന്നുള്ള വരുമാനം കുറഞ്ഞപ്പോഴാണ് മീൻകച്ചവടം തുടങ്ങിയത്.

ഹനാനയുടെ വാക്കുകളിൽ നിന്ന് :

മനസ് കൊണ്ട് പോലും അറിയാത്ത കാര്യങ്ങളാ ഇൗ പറയുന്നേ. എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നേ… ജീവിക്കാൻ വേണ്ടി മീൻ വിറ്റതല്ലേ ഞാൻ. എന്നെ പറ്റി വാർത്ത നൽകാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. ചമ്പക്കര മാർക്കറ്റിൽ നിന്നാണ് ഞാൻ മീനെടുക്കുന്നത്. അത് തമ്മനത്ത് കൊണ്ട് വിൽക്കും.ഇരുപത് കിലോമീറ്റർ മാത്രമാണുള്ളത്. നിങ്ങൾ പോയി നോക്ക്, വൈറില പേ ആന്റ് പാർക്കിങിൽ എന്റെ സൈക്കിള്‍ ഇപ്പോഴും ഇരിപ്പുണ്ട്. ഇന്നലെ വച്ചിട്ട് പോയതാ. ഞാനെടുത്തില്ല ഇന്നലത്തെ തിരക്കുകൾ കാരണം. ഇനിയുംഎന്നെ വിമർശിക്കുകയും തെറിപറയുകയും ചെയ്യുന്നവർക്ക് അതു തുടരാം. എന്റെ ശരീരത്തെ നിങ്ങൾക്ക് തളർത്താൻ പറ്റി. പക്ഷേ മനസ് അത് നിങ്ങൾക്ക് തോൽപ്പിക്കാൻ പറ്റില്ല.

ഹനാന ഒരു ഒറ്റപ്പെട്ട കുട്ടിയല്ല സമൂഹത്തിൽ ഹനാനയെപോലെ ജോലിചെയ്ത് പഠിക്കുകയും വീട്ട് ചെലവ് നടത്തുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. എന്തിന് ഏറെ പറയുന്നു ഈ അടുത്ത് കൊല്ലപ്പെട്ട അഭിമന്യുവും തന്റെ പഠനത്തിനാവശ്യമായ രൂപ കണ്ടെത്തിയത് പഠനത്തിന്റെ ഇടവേളകളിൽ ജോലി ചെയ്തുതന്നെയാണ്. അപ്പോൾ ബാക്കി നിൽക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് ഇവരിൽ നിന്ന് ഹനാനയ്ക്കുള്ള പ്രത്യേകത? അതിനുള്ള ഉത്തരം നാം നമ്മോടുതന്നെ ചോദിക്കണം. കാര്യം എന്തായാലും ഇത്തരത്തിൽ ജോലിചെയ്ത് പഠിക്കുന്ന, ജീവിക്കുന്ന ആളുകളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.