ജെന്റിൽമാൻ2 – ബ്രഹ്മാണ്ഡവുമായി കെ .ടി .കുഞ്ഞുമോൻ !!!

ലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത കുഞ്ഞുമോന് അതുകൊണ്ടു തന്നെ താര പരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ വസന്ത കാല പറവൈ ,സൂര്യൻ എന്നീ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ചു കൊണ്ട് കോളിവുഡിൽ നിർമാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോൻ 1993 – ൽ ജെന്റിൽമാൻ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു . പുതുമുഖ സംവിധായകൻ ഷങ്കർ , മുൻനിര നായകനല്ലാതിരുന്ന അർജ്ജുൻ , നവാഗതരായ സാങ്കേതിക വിദഗ്‌ധർ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിർമ്മിച്ച  ‘ ജെന്റിൽമാൻ ‘ , ഗ്രാഫിക് ,അനിമേഷൻ എന്നിത്യാദി നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേർത്ത് വെള്ളിത്തിരയിൽ ദൃശ്യ വിസ്മയം തീർത്തു . ജെന്റിൽമാനു  വേണ്ടി ഏ ആർ റഹ്‍മാൻ  ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ഗാനാസ്വാദകർ ആഘോഷമാക്കി .ഈ ഗാനങ്ങളിലൂടെ റഹ്‍മാനും പ്രിയങ്കരനായി. റഹ്‌മാന്റെ വഴിത്തിരിവായി ഭവിച്ചു ജെന്റിൽമാൻ .

തമിഴ് സിനിമ  ജെന്റിൽമാനിലൂടെ ലോക ശ്രദ്ധയാകർഷിക്കയായിരുന്നു. ഇതോടെ സിനിമാരംഗത്തും ആരാധകർക്കും കുഞ്ഞുമോൻ  ‘ ജെന്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോനായി . അന്നത്തെ ഇലക്ഷൻ കമ്മീഷനായിരുന്ന ടി.എൻ.ശേഷനാണ്  അദ്ദേഹത്തിന്  “ജെന്റിൽമാൻ ” എന്ന  വിശേഷണ പേരു നൽകിയത് . കുഞ്ഞുമോൻ വിത്തിട്ട ബ്രഹ്മാണ്ഡം ഉണ്ടെങ്കിലേ പ്രേക്ഷകർ സിനിമയെ സ്വീകരിക്കൂ എന്ന അവസ്ഥ സംജാതമായി . തുടർന്ന് തൊട്ടടുത്ത വർഷം കുഞ്ഞുമോൻ , ഷങ്കർ , ഏ .ആർ .റഹ്‍മാൻ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം ‘കാതലൻ ‘പുറത്തിറങ്ങി .എതിർപ്പുകളെ അവഗണിച്ചു കൊണ്ട് താര പരിവേഷം തെല്ലുമില്ലാതിരുന്ന  നൃത്ത സംവിധായകനായിരുന്ന പ്രഭു ദേവയെ  നായകനാക്കി നിർമ്മിച്ച കാതലനും  ദൃശ്യ വിസ്‌മയം തീർത്തു സൂപ്പർ ഹിറ്റായി.  ഇതോടെ കുഞ്ഞുമോൻ സിനിമകൾ പുറുറത്തിറങ്ങുന്ന കാലം തമിഴ് സിനിമാ പ്രേമികൾക്ക് ഉത്സവകാലമായി . പക്ഷെ കാതലനോടെ കെ ടി കുഞ്ഞുമോൻ – ഷങ്കർ കൂട്ടുകെട്ട് വഴിപിരിഞ്ഞു . കുഞ്ഞുമോൻ പുതിയ മാർഗങ്ങൾ ആസൂത്രണം ചെയ്‌തു .

തമിഴ് സിനിമാ പ്രേമികൾക്ക് അപരിചിതനായ വിനീത് ,തബു , പുതുമുഖ നായകൻ അബ്ബാസ് എന്നിവരെ നായക നായികമാരാക്കി കതിരിന്റെ  സംവിധാനത്തിൽ ‘ കാതൽ ദേശം ‘ നിർമ്മിച്ചിറക്കി .ഈ ചിത്രവും ബോക്സ് ഓഫീസിൽ തൂത്തുവാരി. തമിഴ് നാടിനൊപ്പം ആന്ധ്രാ , കർണാടക എന്നിവിടങ്ങളിൽ ഒരു വർഷത്തിലേറെ കാലം ചിത്രം വിജയകരമായി പ്രദർശിപ്പിച്ചു മഹാ വിജയമായി . കാതൽ ദേശ ത്തിലെ ഗാനങ്ങളിലൂടെ ഏ ആർ റഹ്‌മാൻ ലോക പ്രശസ്തി നേടിയെടുത്തു .  തുടർന്ന് തെലുങ്കു സൂപ്പർ താരം നാഗാർജ്ജുനയെ തമിഴിലേക്കാനയിച്ചു കൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ രക്ഷകൻ  നിർമ്മിച്ചു . ഈ ചിത്രത്തിലൂടെ പ്രപഞ്ച സുന്ദരി സുസ്‌മിതാ സെൻ നായികയായി വെള്ളിത്തിരയിലെത്തിച്ചു . ഇങ്ങനെ തന്റെ സിനിമളിലൂടെ ട്രെൻഡ് സെറ്ററും മാർഗ ദർശിയുമായ കെ ടി കുഞ്ഞുമോൻ   “ജെന്റിൽമാൻ 2  “ എന്ന സിനിമ നിർമ്മിച്ചു കൊണ്ട് ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് . അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കയാണ് . തൻറെ പുതിയ സംരംഭത്തെ കുറിച്ച്  ..

 ” എന്റെ ജെന്റിൽമാൻ തമിഴ് ,തെലുങ്കു ഭാഷകളിൽ പ്രദര്ശനത്തിനെത്തിയപ്പോൾ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത് . ഇന്ത്യയിൽ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി . ഈ സിനിമയുടെ രണ്ടാം ഭാഗം “ജെന്റിൽമാൻ2 “നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ . ജെന്റിൽമാനേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡം “ജെന്റിൽമാൻ 2 ” ൽ കാണാം . ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ , മെഗാ ബഡ്ജറ്റിൽ തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് നിർമ്മിക്കുന്നത് . നടീ നടന്മാർ മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു . ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും . ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ . ”   കെ ടി കുഞ്ഞുമോൻ പറഞ്ഞു . ജെന്റിൽമാൻ2 ലൂടെ ആരാധകരെ കാത്തിരിക്കുന്നത് മറ്റൊരു ദൃശ്യ വിസ്‌മയമായ എന്റർടൈനറായിരിക്കുമെന്നു പ്രതീക്ഷിക്കാം.  

 # സി .കെ ,അജയ് കുമാർ ,പി ആർ ഒ 

English Summary : Gentleman 2 movie Producer KT Kunjumon announces sequel to Arjun’s superhit film