ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിംഗ് തുടങ്ങിയവരെ ചോദ്യം ചെയ്യും

മുംബൈ:സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിംഗ്, ശ്രുതി മോദി, ടാലന്റ് മാനേജര്‍ കരീഷ്മ പ്രകാശ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവരെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ദീപിക പദുകോണിനെ എന്‍സിബി ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക 2017 ല്‍ നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. നടി ദിയ മിര്‍സയ്ക്കെതിരെയും ആരോപണമുയര്‍ന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ലഹരിമരുന്ന് ഉപയോഗിച്ചില്ലെന്ന് അവര്‍ പ്രതികരിച്ചു.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഗോവയിലുള്ള നടി ദീപികയോട് സെപ്റ്റംബര്‍ 25ന് ചോദ്യം ചെയ്യാന്‍ ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ക്വാന്‍ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വാന്‍ ടാലന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനി വഴി സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദീപിക ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേര് ഉയര്‍ന്നത്.
നേരത്തെ, റിയ ചക്രബര്‍ത്തിയും ജയ സഹയും തമ്മിലുള്ള വാട്സാപ് ചാറ്റില്‍ ലഹരി ഇടപാട് സൂചനകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുശാന്ത് കേസില്‍ എന്‍സിബി അന്വേഷണം ആരംഭിച്ചത്. 2017 ഒക്ടോബര്‍ 28ന് നടി ദീപിക പദുകോണ്‍, മാനേജര്‍ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ടു നടത്തിയ ചാറ്റില്‍ മുംബൈ പരേലിലെ കോകോ എന്ന റസ്റ്റോറന്റിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

അതേദിവസം ഈ റസ്റ്റോറന്റില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ദീപികയ്ക്കൊപ്പം പങ്കെടുത്ത താരങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായി. അഭിനേതാക്കളായ സോനാക്ഷി സിന്‍ഹ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

English Summary : Deepika Padukone who has been questioned in an escalating drugs probe link based on WhatsApp chats