ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ്

ലിസ്ബൺ∙ ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യാന്തര മത്സരങ്ങൾക്കായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള താരം, രണ്ടാഴ്ചത്തേക്ക് ഐസലേഷനിൽ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീഡനെതിരായ പോർച്ചുഗലിന്റെ അടുത്ത മത്സരത്തിനുള്ള ടീമിൽനിന്ന് മുപ്പത്തഞ്ചുകാരനായ റൊണാൾഡോയെ ഒഴിവാക്കി.

കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ ഫ്രാൻസിനെയും രാജ്യാന്തര സൗഹൃദ മത്സരത്തിൽ സ്പെയിനെയും നേരിട്ട പോർച്ചുഗൽ ടീമിൽ റൊണാൾഡോ കളിച്ചിരുന്നു. സ്വീഡനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനു പുറമെ, യുവെന്റസിന്റെ ഏതാനും സെരി എ മത്സരങ്ങളും റൊണാൾഡോയ്ക്ക് നഷ്ടമാകും.

സൂപ്പർതാരത്തിന് കോവിഡ് സ്ഥിരീകരിച്ച കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ‘കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കുന്നു. സ്വീഡനെതിരായ മത്സരത്തിലും അദ്ദേഹം കളിക്കില്ല. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. ഐസലേഷനിൽ പ്രവേശിച്ചു – പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

‘റൊണാൾഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ടീമിലെ മറ്റ് അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇവരെല്ലാം പതിവ് പരിശീലനത്തിൽ പങ്കെടുക്കും’ – ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary : Cristiano Ronaldo tests positive for corona