സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴ രണ്ട്, കാസര്‍കോട്, പത്തനം തിട്ട, തൃശൂര്‍ ഒന്ന് വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്കും ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. 13 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് മൂന്നുപേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ വീതവും കണ്ണൂരില്‍ നിന്നും ഒരാള്‍ക്കുമാണ് പരിശോധന ഫലം നെഗറ്റീവായത്. ഇതുവരെ 345 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,39,725 പേര്‍ വീടുകളിലും 749പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,986 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി.