ലോക്ക് ഡൗണില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 225 കോടി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 225 കോടി രൂപയായി. ഉപയോഗിക്കാത്ത വൈദ്യുതിക്ക് കായകുളം എന്‍.ടി.പി.സി നിലയത്തിന് അടക്കം നിശ്ചിത ചാര്‍ജ് കൊടുക്കുന്നതു കൂടി കൂട്ടിയാല്‍ നഷ്ടം ഇരട്ടിക്കും. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി 20 ദിവസമാകുമ്പോള്‍ വൈദ്യുതി വില്‍ക്കാത്തതു മൂലം മാത്രം കെഎസ്ഇബിക്കു വരുന്നനഷ്ടം 280 കോടി രൂപയാകും. വൈദ്യുതി ഉപയോഗത്തിലെ ഗണ്യമായ കുറവാണ് ഇതിനുകാരണം. വൈദ്യുതി വില്‍പന കുറഞ്ഞതോടെ ദിനംപ്രതി ശരാശരി 14 കോടി രൂപയാണു നഷ്ടം. വൈദ്യുതി ബില്‍ ഇനത്തിലും മറ്റും 45 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിനു ദിവസവും കിട്ടിക്കൊണ്ടിരുന്നത്.

അത് ഇപ്പോള്‍ അഞ്ചുകോടി രൂപയായി കുറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍തുക അടയ്ക്കാന്‍ സാവകാശം നല്‍കിയതോടെയാണ് ദൈനംദിന വരുമാനത്തില്‍ കുറവുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പാക്കേജില്‍ വൈദ്യുതി പ്രസരണ വിതരണ കമ്പനികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്. വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുകയും ഉയര്‍ന്നനിരക്കു നല്‍കുകയും ചെയ്തിരുന്ന ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു. ഈവര്‍ഷം ശരാശരി 83 യൂണിറ്റ് വരെയായിരുന്ന പ്രതിദിന ഉപയോഗം. മാര്‍ച്ച് 19ന് 85.12 ദശലക്ഷം യൂണിറ്റു വരെ ഉപഭോഗം എത്തിയിരുന്നു. ലോക്ഡൗണിന് മുമ്പുള്ള ശരാശരി വൈദ്യുതി ഉപയോഗം 82.53 ദശലക്ഷം യൂണിറ്റായിരുന്നു.
ഇത് ലോക്ക് ഡൗണ്‍ കാലമായതോടെ വൈദ്യുതി ഉപയോഗം ശരാശി 67.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളിലെ ഉപയോഗം 88 ദശലക്ഷം യൂണിറ്റായിരുന്നു. വൈദ്യുതി ഉപയോഗത്തിലെ കുറവ് 18.12 ശതമാനം. ദൈനംദിന ഉപയോഗത്തില്‍ കുറവു വന്നത് 18.12 ശതമാനം. കഴിഞ്ഞവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശരാശരി 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം എത്തിയിരുന്നു. ഈ വര്‍ഷം അത് 67.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഉല്‍സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതാണ് മറ്റൊരു കാരണം. ഇതു നികത്താന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നാണ് വിലയിരുത്തല്‍.