അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല;

ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണ്ണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കാസര്‍കോടുള്ള രോഗികളെ മംഗലാപുരത്തേയ്ക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീം കോടതിയെ സമീപിച്ചത്.എന്നാല്‍ ഹൈക്കോടതി ഉത്തരവ് പൂര്‍ണമായി നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതുമില്ല. കാസര്‍കോട് നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകാന്‍ സൗകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ വ്യക്തതയില്ല.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.

രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ലെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് കാസര്‍കോട് എന്നും അതിനാല്‍ കാസര്‍കോട്‌നിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.എന്നാല്‍ കര്‍ണാടകയുടെ ഈ നിലപാടു മൂലം രണ്ടു ജീവനുകളാണ് നഷ്ടമായതെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും വ്യക്തമാക്കി.

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അടച്ചിട്ട ദേശീയപാത തുറക്കണമെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടും നടപ്പാക്കാന്‍ കര്‍ണാടക തയാറായിരുന്നില്ല