ലോക്ക്ഡൗണ്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂന്നാം തവണയും നീട്ടി. മേയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നാലാം ഘട്ടം. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ പ്രഖ്യാപിച്ചു. പുതുക്കിയ മാര്‍ഗരേഖയിലും മേയ് 31 വരെ വിമാന സര്‍വീസുകളും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും വിലക്ക് തുടരും.

ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. ഓണ്‍ലൈന്‍ / വിദൂര പഠനം അനുവദിക്കുന്നത് തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മെട്രോ ട്രെയി ന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല
ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞ് തന്നെ കിടക്കും.
എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും.

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വിലക്ക്
ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്. കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല. സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ് സോണും ബഫര്‍ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കു ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
എല്ലാ മേഖലകളിലും, 65 വയസിനു മുകളിലുള്ള വ്യക്തികള്‍, രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ തുടരണം. അവശ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങള്‍ക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ, വൈകുന്നേരം 7 മുതല്‍ രാവിലെ 7 വരെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

English Summary: COVID-19 Lockdown in India has been extended to May 31st