ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് നഷ്ടം 2000 കോടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല മേഖലകള്‍ക്കും കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.  രാജ്യത്തെ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് 2000 കോടിയുടെ സംയോജിത നഷ്ടമുണ്ടാകുമെന്നാണ് സൂചന. എസ്റ്റേറ്റ് ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത തീരെ കുറവാണെന്ന ന്യായ വാദത്തില്‍ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ തുറന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടക്കേണ്ടി വന്നു.
രാജ്യത്ത് 1422 രജിസ്റ്റേര്‍ഡ് എസ്റ്റേറ്റുകളാണ് ഉള്ളത്. ഇത് കൂടാതെ രണ്ടര ലക്ഷത്തിലേറെ മൈക്രോസ്മോള്‍ പ്ലാന്റര്‍മാര്‍ വേറെയുമുണ്ട്. ഇവരെല്ലാം ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. കയറ്റുമതി തടസപ്പെട്ടതും ചരക്ക് ഗതാഗതത്തില്‍ ബുദ്ധിമുട്ട് നേരിട്ടതും ഇതിന് കാരണമാണ്.

ഈ 21 ദിവസം നിയന്ത്രണം തുടര്‍ന്നാല്‍ എല്ലാ കമ്പനികള്‍ക്കുമായി 100 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദനം കുറയും. 2000 കോടി മൂല്യം വരും ഇത്. അസമിലും പശ്ചിമ ബംഗാളിലും മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് തങ്ങളുടെ ഉല്‍പ്പാദനത്തിന്റെ 15 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത്.അസമില്‍ നിന്നാണ് രാജ്യത്ത് 50 ശതമാനത്തോളം ഉല്‍പ്പാദനം.