ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു; നടന്‍ പി.ശ്രീകുമാര്‍ ആശുപത്രിയില്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും ഒരാഴ്ചത്തേക്ക് അടച്ചു. ‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കൊവിഡ് ബാധ സ്റ്റുഡിയോയിലെ ലൊക്കേഷനില്‍ വ്യാപിച്ചത്. ഈ സിനിമയില്‍ അഭിനയിച്ച നടന്‍ പി.ശ്രീകുമാറും രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാളിനും സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ക്കും കൊവിഡ് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. നിലവില്‍ ഷൂട്ടിങ് സംഘത്തിലുള്ളവര്‍ ക്വാറന്റീനിലാണ്.

ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫിസില്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ എത്താറുള്ളതിനാല്‍ അവിടവും അണുവിമുക്തമാക്കി അടച്ചു. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ വ്യക്തമാക്കി. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്‌സ്.

English Summary : Chitranjali Studio closed, actor P Sreekumar diagnosed with COVID-19.