കോവിഡ് പ്രതിസന്ധി മറികടന്ന് ആടുജീവിതം ചിത്രീകരണം

പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് കരുതുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. എന്നാല്‍ കോവിഡ് 19 ലോകവ്യാപകമായി പടര്‍ന്നതോടെ ചിത്രീകരണം തുടരുന്നതിലും പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ പ്രതിസന്ധി മറികടന്ന് ചിത്രീകരണം തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ്  ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.
കോവിഡ് രാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ചിത്രീകരണം വിദേശത്ത് നടന്നത്. ജോര്‍ദാനിലായിരുന്നു ചിത്രീകരണം. നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരാണ് അവിടെ ഉള്ളത്. ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം  മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന്‍ ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിട്ടുണ്ട്.